കഴക്കൂട്ടം: ഡോ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സിപിഒയ്ക്ക് പരിക്കേറ്റു. പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്നു ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ സർവകലാശാലാ വളപ്പിനുള്ളിലേക്ക് അതിക്രമിച്ചു കയറി. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു.
പ്രതിഷേധക്കാർ ബാരിക്കേഡ് ബലമായി തള്ളിനീക്കാൻ ശ്രമിച്ചപ്പോൾ എആർ ക്യാമ്പിലെ സിപിഒ അച്ചുവിന്റെ വലതുകൈ വിരൽ ബാരിക്കേഡിനിടയിൽ കുടുങ്ങി അറ്റുപോയി. പരിക്കേറ്റ അച്ചുവിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ മാസം 27നു വൈസ് ചാൻസലറുമായി ചർച്ച നടത്താമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് എസ്എഫ്ഐ പ്രവർത്തകർ സമരം അവസാനിപ്പിച്ചത്. അനുവാധമില്ലാതെ ജാഥ നടത്തിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും എസ്എഫ് ഐ നേതാക്കളുൾപ്പെടെ കണ്ടാലറിയാവുന്ന 100 ഓളം പ്രവർത്തകർക്കെതിരേ ശ്രീകാര്യം പോലീസ് കേസെടുത്തു.